
ദോഹ: ഖത്തറിൽ അനധികൃതമായി വിസ കച്ചവടം നടത്തുന്നവർക്കും പ്രവാസി താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവും 50,000 ഖത്തർ റിയാൽ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഒരു ലക്ഷം ഖത്തർ റിയാൽ വരെയായി ഉയരും.
പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, പുറത്തുപോകൽ, താമസം എന്നിവ നിയന്ത്രിക്കുന്ന 2015-ലെ 21-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകളും ശിക്ഷാനടപടികളും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിൽ-താമസ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അനധികൃത വിസ ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ തടയുന്നതിനായി പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരും.










